Categories

June 14, 2017

കോളിഫോം നദി

ആമുഖം വായിച്ചു ആ.ഭാ.സം* പ്രസംഗിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്

ഗംഗാനദി, ഭാരതത്തിലെ ഹിന്ദുക്കൾക്ക് മാതൃസ്ഥാനീയയാണ്. പിതൃദർപ്പണ
ത്തിന്റെയും, നിമഞ്ജനത്തിന്റെയും പാപനാശനത്തിന്റെയും അവസാനവാക്ക്. ശൈവതിരുമുടിയിൽ നിന്നു മണ്ണിന്റെ പാപങ്ങൾ കഴുകിക്കളയാൻ അവതരിച്ച സാക്ഷാൽ ഭാഗീരഥി. ഇത് പുണ്യഗംഗ.
എന്നാൽ ഗംഗക്ക് മറ്റൊരു മുഖമുണ്ട്. നീർചാലുകളായി സമതലങ്ങളിൽ വഴിതേടുന്ന ഒരു യാത്രികയുടെ മുഖം. ഭാഗികമായി വെന്തത്തോ നശിക്കാത്തതോ ആയ ശവശരീരങ്ങളും പേറി ഏന്തിവലിയുന്ന  ഗംഗ, നനവില്ലാതെ ഊർദ്ധശ്വാസം വലിക്കുന്ന മണൽത്തിട്ടകളായും ചിലയിടത്ത് കാണാം.
Ganga River (Source: Wikipedia)

നദീതീരവാസികളായ കോടിക്കണക്കിനു മനുഷ്യരുടെ മലമൂത്രാദികളും അടുക്കളമാലിന്യവുകൊണ്ട് ദിനേന ഗംഗ മലിനമാകുന്നു. പുണ്യസ്നാനത്തിലൂടെ ഖരദ്രവ്യ മാലിന്യങ്ങൾ ദിവസവും നദിയിൽ ചേരുന്നു. തുകൽ വ്യവസായം, ഫാക്ടറികൾ തുടങ്ങിയവ തള്ളുന്ന അഴുക്കുവെള്ളത്തിലൂടെ രാസ സംയുക്തങ്ങളും ലോഹപദാർത്ഥങ്ങളും ഗംഗാജലത്തിന്റെ ഘടനയെതന്നെ മാറ്റുന്നുണ്ട്.
100 മില്ലി ലിറ്ററിന് 500 എന്ന അനുവദനീയമായ അളവിൽ നിന്നു 100 മില്ലി ലിറ്ററിന് 60000 എന്ന അളവിലേക്ക് മനുഷ്യമല കോളിഫോം ബാക്റ്റീരിയ നദിജലത്തിൽ പെരുകിക്കഴിഞ്ഞിരിക്കുന്നു.

ഉദരരോഗങ്ങൾ, കോളറ, മഞ്ഞപിത്തം, ടൈഫോയിഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾ ഗംഗാതീരവാസികളിൽ കൂടുന്നതായി കാണപ്പെടുന്നു. നമ്മുടെ രാജ്യത്തെ മൂന്നിലൊന്നു രോഗങ്ങളും മലിനജലത്തിലൂടെയാണെന്ന വാസ്തവം വിസ്മരിച്ചുകൂടാ. അതുകൊണ്ട് തന്നെ ഗംഗയുടെ പുനരുദ്ധാനം മുഖ്യമായ വിഷയമാണ്. ആയിരം കോടി രൂപ ചിലവിട്ട് 1985 മുതൽ 2000 വരെ നടപ്പിലാക്കിയ ഗംഗാ ആക്ഷൻ പ്ലാൻ വലിയ പരാജയമായിരുന്നു. 2010ൽ 7000 കോടിയോളം രൂപ ഗംഗാശുദ്ധീകരണത്തിനു ആവശ്യമാണെന്ന് ആസൂത്രണകമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. 2014ൽ രൂപം കൊടുത്ത നമാമി ഗംഗാ പദ്ധതി ശുദ്ധീകരണത്തിനായി രണ്ടായിരം കോടി വകയിരുത്തിയിട്ടുണ്ട്.

വ്യക്തമായ ആസൂത്രണത്തിലൂടെയും ശാസ്ത്രീയ മാർഗങ്ങളുടെ അവലംബത്തിലൂടെയും മാത്രമേ ഗംഗയെ തിരിച്ചുകൊണ്ടുവരാനാകൂ. അത് ശുദ്ധജലത്തിനു പോലും ക്ഷാമം നേരിടുന്ന നമ്മുടെ രാജ്യത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. മൂന്നു ശതമാനം GDP ആരോഗ്യസംരക്ഷണത്തിനായി കുറവ് വരുത്തുന്ന ഇന്ത്യയുടെ അവസ്ഥാവ്യതിയാനത്തിന് അതു മാർഗം തെളിയിക്കും. പക്ഷേ, ചോർച്ച 92 ശതമാനമാണെന്ന രാജീവ് ഗാന്ധി വചനം ഇന്നും മാറ്റം വരാതെ നിൽക്കുന്നതുകൊണ്ട് ഏതുകാലത്ത് ഗംഗയിൽ ശുദ്ധജലം ഒഴുകുമെന്നു പ്രവചിക്കാൻ വയ്യ.


'ഗംഗാജലം' കുപ്പിയിലാക്കി വിൽക്കൽ, അത് തപാലിലൂടെ വിതരണം ചെയ്യൽ എന്നിവ സാധാരണമാകുന്നു. കുപ്പിയിലാക്കി മലിന ജലം വിൽക്കുന്നത് വൻ പദ്ധതിയാക്കാതെ ശുദ്ധജല വിതരണം പ്രായോഗികമായി നടപ്പിലാക്കുകയാണ് വേണ്ടത്. വേനലിൽ കുടിവെള്ളം കിട്ടാത്ത ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിലുണ്ട്.

ഗംഗയടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണം ദ്രുതഗതിയിലാക്കണം. അത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

*ആർഷ ഭാരത സംസ്കാരം

No comments:

Post a Comment