Categories

March 19, 2016

സോണി സോരി :വികൃതമാക്കപ്പെട്ട "ധൈര്യത്തിന്റെ മുഖം"


കഴിഞ്ഞ ഫെബ്രുവരി 20 നു ഛത്തീസ്ഗഡിലെ ബസ്തറിൽ വച്ചാണ് സോണി സോരിയുടെ മുഖത്ത് അപരിചിതരായ മൂന്നു കാപാലികർ ഒരിക്കലും മായാത്ത കറുത്ത ചായം തേച്ചത്. മുഖം പൊള്ളിക്കുന്ന ആ രാസവസ്തു എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. "മക്കളെ ജീവനോടെ കാണണമെങ്കിൽ സി ആർ പി എഫ് നെതിരെയുള്ള പീഡനാരോപണങ്ങളും, ഇൻസ്പെക്ടർ ജനറൽ എസ് ആർ പി കല്ലുരിക്കെതിരെയുള്ള പരാതികളും പിൻവലിക്കണം" എന്ന ഭീഷണിയോടുകൂടിയായിരുന്നു ആക്രമണം.

ബസ്തർ ജില്ലയിലെ ആദിവാസി-ദളിത്‌ ക്ഷേമ പ്രവർത്തകയിൽ നിന്ന് രാഷ്ട്രീയത്തിലേക് സോരിയെ എത്തിച്ചത് അവർ ഇരയാക്കപ്പെട്ട കൊടും ക്രൂരതകളാണ്. നക്സൽ-സി ആർ പി എഫ് എറ്റുമുട്ടലുകൾക്ക് പേരുകേട്ട ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ ബലിയാടുകളുടെ ജീവിതം നയിക്കുന്ന കാടിന്റെ മക്കൾക്ക്‌ വേണ്ടിയാണ് അവർ ശബ്ദമുയർത്തിയത്. അധികാര ദുർവിനിയോഗം നടത്തി ആദിവാസി പെൺകുട്ടികളുടെ അഭിമാനം കവർന്നവർക്കെതിരെയാണ്‌ അവർ സമരം ചെയ്തത്. വ്യാജ നക്സൽ ആരോപണങ്ങൾ ഉന്നയിച്ചു പാവങ്ങളെ ചുട്ടെരിക്കുന്നതിനെതിരെ വാക്കുകൾ തൊടുത്തപ്പോളാണ് സോരിയും നക്സലേറ്റ് ആയത്, അല്ലെങ്കിൽ പോലീസ് അവരെ നക്സലേറ്റ് ആക്കിയത്. മതിയായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ കോടതി വിധിയെ തുടർന്ന് അവർ പുറത്തിറങ്ങുമ്പോഴേക്കും അഭിമാനവും ആരോഗ്യവും അവർക്ക് അന്യമായ് കഴിഞ്ഞിരുന്നു. കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്നെ ശാരീരിക പീഡനം നേരിട്ട്, പരാതിയിന്മേൽ ജയിൽ മാറ്റങ്ങൾക്ക് വിധേയയായി. മനുഷ്യാവകാശ സങ്കടനകളും, ദേശീയ അന്തർദേശീയ സാമൂഹിക പ്രവർത്തകരും സോരിക്കുവേണ്ടി നിലകൊണ്ടു. ഒന്നര വർഷത്തെ ജയിൽ വാസം കഴിഞ്ഞ് അവർ പുറത്തു വന്നു.

പൈശാചികമായ മർദ്ദന മുറകളും രഹസ്യഭാഗങ്ങളിൽ കല്ലുകൾ തിരുകിക്കയറ്റിയതും തുടർച്ചയായ മാനസിക പീഡനങ്ങളും അവരിലെ പ്രതികരണ ശേഷിയെ തളർത്തിയില്ല. ഇനിയൊരു പോരാട്ടത്തിനു രാഷ്ട്രീയമാണ് മികച്ച മാർഗമെന്നു അവർ തിരിച്ചറിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിൽ ബസ്തറിൽ നിന്ന് ആം ആദ്മി പാർടി സ്ഥാനാർഥിയായ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ആദിവാസി സംരക്ഷണവും അന്യായ-അസമത്വങ്ങൾക്കെതിരെയും ഉള്ള അവരുടെ കർമമണ്ഡലത്തിൽ അവർ ഉറച്ചു നിന്നു, ഇപ്പോഴും ഉറച്ചു നില്ക്കുന്നു. അവരുടെ ശബ്ദം താഴ്ത്താൻ ആരാണ് വിറപൂണ്ടു നടക്കുന്നത്. ആർക്കാണ് ധീരതയുടെ മുഖം വികൃതമാക്കേണ്ടത്. കഴിഞ്ഞ ദിവസം ജെ എൻ യുവിൽ നടത്തിയ പ്രസംഗത്തിൽ അവർ പറയുന്നു "ഞങ്ങളും ആസാദി (സ്വാതന്ത്ര്യം) ആണ് തേടുന്നത്, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ, അധികാര വർഗ്ഗത്തിന്റെ പീഡനങ്ങൾക്കെതിരെ"
രക്ഷിക്കാൻ ബാധ്യസ്ഥരായവർ ശിക്ഷകർ ആകുമ്പോൾ, രാജ്യം ഫാസിസത്തിലേക്ക് ദ്യുതഗതിയിൽ ചലിക്കുമ്പോൾ കയ്യും കെട്ടി നോക്കി നില്ക്കാൻ ആകില്ല. സോണി സോരി മാരും കൻഹൈയ്യമാരും ഇനിയും ശബ്ദമുയർത്തട്ടെ.