Categories

April 7, 2017

താരാരാധന എന്ന മാനസികനാരോഗ്യം!


"Hero worship and obsession with celebrities is a dangerous trend, as it destroys the Rule of Law" എന്നാണ് മുംബൈ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ്. സി എസ് ധർമാധികാരി പറഞ്ഞത്. വ്യക്തരാധനമൂത്ത്, ഫാൻസുകാർ തമ്മിലും അവരും നിക്ഷ്പക്ഷരും തമ്മിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അവ സൈബർ ക്രൈമുകൾ നിർബാധം അരങ്ങേറുന്നതിന് കാരണമാകുമ്പോൾ ഈ വിഷയത്തിൽ ചില മുൻ സംഭവങ്ങളും അഭിപ്രായങ്ങളും തരാരാധനയുടെ മനഃശാസ്ത്രവും വിവരിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ കഥാപാത്രം സ്‌ക്രീനിൽ കൊല്ലുപ്പെടുന്നതുകണ്ട് തീയറ്റർ നശിപ്പിക്കുകയും നടി ഖുശ്‌ബുവുൾപ്പെടെയുള്ള പ്രിയതാരങ്ങൾക്ക് അമ്പലമുണ്ടാക്കുയും ചെയ്ത, താരാരാധനയുടെ അങ്ങേയറ്റമെന്ന് വിശേഷണങ്ങളേറ്റുവാങ്ങിയ തമിഴ്നാട്ടുകാരെ നമ്മൾ അവമതിയോടെ നോക്കികണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനൊക്കെ മുൻപ് തമിഴിൽ എം ജി ആറും ജയലളിതയുമടക്കമുള്ളവരും തെലുങ്കിൽ എൻ ടി ആറും താരപ്പൊലിമയും ജനങ്ങളുടെ 'കണ്ണിലുണ്ണിത്വവും' മുതലാക്കി സിനിമയിയിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. ഇന്ത്യയിലെ മറ്റു പല സംസ്ഥാങ്ങളിലുമായി അങ്ങനെയുള്ള മുതലെടുപ്പുകൾ തുടരുന്നുണ്ട്. ചെറിയതോതിൽ ഇന്ന്, മലയാളസിനിമയിൽ നിന്നും താരങ്ങൾ രാഷ്ട്രീയരംഗപ്രവേശം നടത്തുമ്പോഴും അതിന്റെ വലിയ സാധ്യതയെ മുകരാൻ കേരളമിന്നും മടിക്കുന്നു.

കന്നഡ സൂപ്പർ താരം രാജ്‌കുമാർ മരിച്ചപ്പോൾ നടന്ന കലാപം നമുക്ക് കേട്ടുകേൾവിയില്ലാത്തതായിരുന്നു. ആരാധനാപാത്രങ്ങളുടെ വിയോഗം ആത്മഹത്യക്ക് വരെ പ്രേരണ നൽകുന്നു എന്നറിയുമ്പോഴാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്.

തെലുങ്കിൽ അടുത്തകാലത്തു നന്ദമുറി ബാലകൃഷ്ണയുടെ 'ഗൗതമിപുത്ര ശതകരണി' എന്ന സിനിമയും ചിരഞ്ജീവിയുടെ 'ഖൈദി 150' എന്ന സിനിമയും ഒരുമിച്ചു റിലീസായി. രണ്ടുപേരും വലിയ ഫാൻബേസുള്ള സൂപ്പർ താരങ്ങൾ. പോരാത്തതിന് എതിർരാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്നവരും. രണ്ടുപേരുടെയും ഫാൻസ്‌ തമ്മിലുള്ള 'കലാപങ്ങൾ' വർഷങ്ങൾക്ക് മുൻപേ കേട്ടുകേൾവിയുള്ളതാണ്. സിനിമകളുടെ റിലീസിന് മുൻപ് പോലീസ് മുന്നറിയിപ്പുകളും ജാഗ്രതനിർദേശങ്ങളും വരെ നൽകുകയുണ്ടായി. ബെംഗളുരുവിൽ, ജൂനിയർ NTR ന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്. അതായത് യുവതാരങ്ങൾക്ക് വേണ്ടിപ്പോലും തെരുവിലിറങ്ങി തമ്മിലടിക്കാനും കൊല്ലാനുംവരെ മടിക്കാത്ത മനുഷ്യർ നമ്മുടെ രാജ്യത്തുണ്ട്.

സൗത്ത് ഇന്ത്യയിലെപ്പോലെ അർദ്ധദൈവ പദവികൾ (demi-god status) നേടാനായില്ലെങ്കിലും എന്തിനും പോന്ന എണ്ണമറ്റ ആരാധകരുടെ പിൻബലമുള്ള അഭിനേതാക്കൾ ബോളിവുഡിലും മറ്റിന്ത്യൻ സിനിമമേഖലകളിലും ഉണ്ടായിട്ടുണ്ട്. 'ഖാൻമാരുടെ' സിനിമകൾ നേടിയ കോടികളുടെ എണ്ണത്തെ താരതമ്യപ്പെടുത്തുന്നതും അവരുടെ ആരാധകർ തമ്മിലുള്ള വാക്പോരുമൊക്കെ, സെലിബ്രിറ്റി വർഷിപ്പിന്റെ കോണിലൂടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. ബോളിവുഡിൽ മറ്റു നായകന്മാർക്കുമുണ്ട് കാര്യമായ ഫാൻബേസ്. അമിതാഭ് ബച്ചൻ രോഗബാധിതനായി അഡ്മിറ്റായപ്പോൾ അദ്ദേഹത്തിന് വേണ്ടി ഉപവസിക്കാനും പ്രാർത്ഥിക്കാനും ആളുകളുണ്ടായി. ബോളിവുഡിൽ തമിഴിലേതുപോലെ ആരാധനമൂത്ത് 'ഭ്രാന്തുപിടിച്ചവരു'മുണ്ട് . ഒരുദാഹരണം പറയാം. രണ്ടായിരത്തി ഏഴിൽ, മുംബൈ സ്ഫോടനക്കേസിൽ കുറ്റാരോപിതനായി ജയിലിലായ സഞ്ജയ് ദത്തിനെ റിലീസ് ചെയ്യാൻ മഹാരാഷ്ട്രയിൽ ആരാധകർ മുറവിളി കൂട്ടി. അദ്ദേഹത്തിന്റെ മുന്നാഭായ് ആയുള്ള 'ഗാന്ധിഗിരി' മാത്രമാണ് അവർ മനസ്സിൽ കൊണ്ടുനടക്കുന്നത്. നടനോടുള്ള ആരാധന, അയാൾ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിൽ പ്രതിയാക്കപ്പെട്ടതിനെപ്പോലും തള്ളിക്കളയുന്നതിന് കാരണമാകുന്നു. ഇതും ആദ്യം പറഞ്ഞപോലെയുള്ള ഒരു ലോ ആൻഡ് ഓർഡർ പ്രശ്നമാണ്. താരങ്ങൾ ചെയ്യുന്ന എന്തിനെയും ന്യായീകരിക്കാൻ ആരാധകർ കച്ചകെട്ടുന്നത് ആപത്താണ്.

ഒരുകാലത്തു വ്യക്ത്യാരാധനയെ പുച്ഛിച്ചിരുന്ന മലയാളി ഇന്നതിൽ തമിഴനോട് കട്ടയ്ക്ക് നില്കുന്നത്, അത്ഭുതകരമായ കാഴ്ചയാണ്. താരങ്ങളുടെ കട്ട് ഔട്ടുകളിൽ പാലാഭിഷേകവും പൂജകളും നടത്തുന്നത്, മറ്റു നടന്മാരുടെ ഫാൻസിനോട് സംഘർഷങ്ങളിൽ ഏർപ്പെടുന്നത് ആരാധ്യപുരുഷനെ വിമർശിച്ചാൽ അത് "കുരുപൊട്ടൽ" ഉണ്ടാക്കുന്നതൊക്കെ ഇപ്പോൾ നമ്മുടെ നാട്ടിലും നിത്യ സംഭവങ്ങളാണ്. ഇക്കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരത്തെ വിമര്‍ശിച്ച ഒരാളോട് ഒരാരാധകൻ പകരം വീട്ടിയത് വിമർശകൻ തന്റെ സ്ത്രീസുഹൃത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോയിൽ ഉദ്ധരിച്ച ലിംഗത്തിന്റെ ചിത്രം ചേര്‍ത്ത് എഡിറ്റുചെയ്ത് പ്രചരിപ്പിച്ചുകൊണ്ടാണ്. വാളിലും ഇൻബോക്സിലും അസഭ്യ വർഷങ്ങൾ വേറെ. ഇത്തരത്തിൽ തരംതാഴ്ന്ന രീതിയിലേക്ക് നമ്മുടെ നാട്ടിലും വ്യക്ത്യാരാധന വ്യാപിക്കുന്നത് ഭയത്തോടെയേ കാണാൻ കഴിയൂ.

അഭിനയത്തേക്കാൾ പ്രയാസമുള്ള പല സിനിമാജോലികളും ചെയ്യുന്നവർക്ക്, അതായത് സംവിധായകർ, പാട്ടുകാർ, ഛായാഗ്രാഹകർ, കഥാകൃത്തുക്കൾ തുടങ്ങിയവർക്ക് ലഭിക്കാത്ത ആദരവുകളും വൈകാരിക അടുപ്പവും എന്തുകൊണ്ട് അഭിനേതാക്കൾക്ക് കിട്ടുന്നു? നടന്മാരെക്കാൾ അല്ലെങ്കിൽ നടിമാരെക്കാൾ നല്ല വ്യക്തിത്വവും സ്വഭാവഗുണങ്ങളുമുള്ള പല സംവിധായകരും ആൾക്കൂട്ടത്തിൽ അപരിചിതരായി തുടരുന്നു. അപ്പോൾ വ്യക്തിപ്രഭാവം, ജീവിതത്തിൽ നിന്ന് മാത്രം പ്രകടിപ്പിക്കുന്നതല്ല. അഭിനയിച്ചുകൂടി നേടുന്നതാണ്. അതായത് പകർന്നാടുന്ന കഥാപാത്രങ്ങളുടെ ഗുണങ്ങൾക്കൂടി വ്യക്തിക്കുണ്ടാകുമെന്ന തെറ്റിധാരണയും ആരാധകരെ "ഹീറോയിലേക്ക്" അടുപ്പിക്കുന്നുണ്ട്. എന്നാൽ കഴിവുകൊണ്ട് മാത്രം ആദരവ് നേടുന്നവരും ധാരാളമുണ്ട്. പക്ഷേ അവർക്ക് താരപരിവേഷമില്ല. ആരാധകരുടെ മനഃശാസ്ത്രം മുതലെടുത്ത്, അതിൽ കഴിവും നല്ല സ്വഭാവവും കൂട്ടിച്ചാലിച്ചാണ് ഓരോരുത്തരും താരപരിവേഷം സ്വന്തമാക്കുന്നത്. സ്ഫടികത്തിലെ ലാലേട്ടന്റെ അഭിനയം കണ്ട് ഫാനാകുന്നത് കഥാപാത്രത്തിനോടുള്ള അടുപ്പമാണ്. അതുപിന്നെ ലാലേട്ടനെന്ന വ്യക്തിയോടുള്ള ആദരവാകുന്നു. പിന്നെ ആരാധനയാകുന്നു.

എന്തുകൊണ്ടാണ് നമ്മൾ സെലിബ്രിറ്റികളെ ആരാധിക്കുന്നത്? ഉത്തരം നമ്മുടെ സാമൂഹിക ജീവിതം തന്നെയാണ്. സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ Matthew Lieberman ന്റെ അഭിപ്രായത്തിൽ "മറ്റു ചിന്തകളില്ലാതെയിരിക്കുമ്പോൾ മനുഷ്യൻ സാമൂഹികമായ ചിന്തകളിലേർപ്പെടുന്നു - മറ്റുള്ള വ്യക്തികളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയുമൊക്കെയുള്ള ചിന്തകൾ. നമ്മുടെ ജീവിതം തന്നെ സാമൂഹികമാണല്ലോ, അതുകൊണ്ട് സമൂഹത്തെപ്പറ്റി അറിയുകയെന്നത് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണം തന്നെയാണ്. ആരുടെയെങ്കിലും ആരാധകനായിരിക്കുക എന്നതുകൊണ്ട് സമൂഹത്തെപ്പറ്റി കൂടുതൽ ചിന്തിക്കാനുള്ള ഒരെളുപ്പവഴി തുറക്കുന്നു. സ്വയം ഒരു ആരധകനായിരിക്കുക, അങ്ങനെയായിരിക്കാൻ മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുക എന്ന രണ്ടു ആസ്പെക്ടുകളിലൂടെ ചിന്തിച്ചാൽ സാമൂഹിക ചിന്തയും വ്യക്ത്യാരാധനയും തമ്മിലുള്ള ബന്ധം മനസിലാക്കാം.

താരങ്ങളോടുള്ള അമിതാരാധനയെ 'Celebrity worship syndrome' എന്ന അസുഖമായാണ് കണക്കാക്കപ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഈ മാനസിക പ്രശ്നത്തെ 'an obsessive addictive disorder in which a person becomes overly involved with the details of a celebrity's personal and professional life' എന്ന് നിർവചിച്ചിരിക്കുന്നു. ബ്രിട്ടീഷ് മനഃശാസ്ത്ര വിദഗ്ദരായ James Chapman, Lynn McCutcheon, John Maltby തുടങ്ങിയവരുടെ കണ്ടെത്തലുകളെ ആസ്പദമാക്കി ‘താരാരാധന രോഗത്തെ’, entertainment-social, intense-personal, borderline-pathological എന്നീ തലങ്ങളിൽ വേർതിരിച്ചിരിക്കുന്നു. ഒരു വ്യക്തിയെ(താരത്തെ) നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്ന സ്റ്റേജാണ് Entertainment-social. ഈ തലത്തിൽ താരത്തെക്കുറിച്ചു നമ്മൾ മറ്റുള്ളവരുമായി സംസാരിക്കും. ഇഷ്ടതാരത്തെ സോൾമേറ്റ് ആയി താരതമ്യപ്പെടുത്തുന്ന സ്റ്റേജാണ് Intense-personal level. ഈ അവസ്ഥയിൽ കടുത്ത ഒരു മാനസിക താളം തെറ്റൽ ഉണ്ടായിട്ടുണ്ടാകും. Borderline-pathological എന്ന അവസ്ഥ താരത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന തീവ്രമാനസിക രോഗമാണ്. മരിക്കാനും കൊല്ലാനുമൊക്കെ തുനിഞ്ഞിറങ്ങുന്നവർ ഈ ലെവലിലാണ്.

തീവ്രതാരാരാധകരിൽ സ്ട്രെസ്, ഡിപ്രഷൻ, ആങ്സൈറ്റി തുടങ്ങിയ മാനസിക അനാരോഗ്യങ്ങൾ കൂടുതലായി ഉണ്ടാകുന്നുവെന്ന് ബ്രിട്ടണിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. നിർഭാഗ്യവശാൽ ഭ്രാന്തമായ താരാരാധനയുടെ ഈറ്റില്ലമായ നമ്മുടെ രാജ്യത്ത് ഇത്തരത്തിൽ എടുത്തുപറയത്തക്ക പഠനങ്ങൾ നടന്നിട്ടില്ല. ഒരുപക്ഷേ അത്തരം പഠനങ്ങൾ നടന്നാൽ, Celebrity worship syndrome നു പുതിയ നിർവചനങ്ങൾ കൊടുക്കാൻ പറ്റുന്ന റിസൾട്ടുകൾവരെ ഇവിടെ നിന്ന് കിട്ടിയേക്കാം.

താരങ്ങൾ ഒരാവശ്യമെന്ന നിലയിൽ ഫാൻസ്‌ അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതും സംരക്ഷിക്കുന്നതും നമുക്കറിയാവുന്ന കാര്യമാണ്. സിനിമയുടെ പ്രൊമോഷനും വിജയത്തിനും അത് വലിയ ഫാക്ടറായി കാലങ്ങളായി ഉപയോഗപ്പെടുത്തിവരുന്നു. എന്നാലിന്ന് ഫിലിം പ്രൊമോഷൻ കമ്പനികളും അവയെ സഹായിച്ചുകൊണ്ട്, എല്ലാ താര ഗോസിപ്പുകളെയും ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളുടെ "മൂന്നാം പേജൂം" താരാരാധന വളർത്താൻ വലിയ പങ്കു വഹിക്കുന്നുണ്ട്. പുതിയ താരങ്ങളുടെ സൃഷ്ടിയും താരങ്ങളെപ്പറ്റിയുള്ള അപ്റ്റുഡേറ്റ് വിവരങ്ങൾ പ്രേഷകനിലെത്തിക്കുന്നതും 'ആരാധനയിലൂടെ' നേടിയെടുക്കാൻ കഴിയുന്ന റീച്ച് മനസിലാക്കിക്കൊണ്ടാണ്. അപ്പോൾ പ്രാഞ്ചിയേട്ടന്റെ പോലെയുള്ള പത്മശ്രീ പ്രൊഫൈലുകൾ സൃഷ്‌ടിച്ചുകൊണ്ട് താരങ്ങളെ ബൂസ്റ്റ് ചെയ്യാൻ വലിയബുദ്ധിമുട്ടൊന്നുമില്ല എന്ന് സാരം.

ഒരു സിനിമ നടനെന്ന നിലയിൽ ഫാൻഷിപ്പിനോട് ഏറ്റവും നല്ല സമീപനം നടത്തുന്നത് ഫഹദ് ഫാസിലാണ്. കടുത്ത ആരാധനയും ആരാധകസംഘടനകളും ലോ ആന്റ് ഓർഡർ പ്രശ്നങ്ങളും സൈബർ ക്രൈമുകളും ഉണ്ടാക്കുമ്പോൾ, "നല്ലതാണെങ്കിൽ പ്രേക്ഷകൻ എന്റെ സിനിമ കാണണം അതിനുശേഷം എന്നെ മറക്കണം. ആരാധകരായി നടന്ന് ആരും സമയം പാഴാക്കരുത്" എന്ന ഫഹദിന്റെ വാക്കുകൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

വ്യക്ത്യാരാധന സ്വകാര്യമായിരിക്കുന്നിടത്തോളം സമൂഹത്തിന് അപകടമില്ലാത്തതാണ്. എന്നാൽ അതുപ്രകടിപ്പിക്കുമ്പോൾ മുതലെടുപ്പുകളും ചൂഷണങ്ങളുമുണ്ടാകുന്നു. വാക്പോരുകളും കലഹങ്ങളുമുണ്ടാകുന്നു. ആക്രമണങ്ങളും കൊലപാതകങ്ങളുമുണ്ടാകുന്നു. ഇന്റലെക്ച്വലി മറ്റിന്ത്യാക്കാരിൽ നിന്ന് ഒരുമുഴം മുന്നിലാണെന്ന് അവകാശപ്പെടുന്ന നമ്മൾ മലയാളികൾക്ക് ഈ പ്രകടമാക്കപ്പെടുന്ന താരാരാധന ആവശ്യമാണോ?